www.Ponkunnam.org

എന്നെ ചൊല്ലി കരയരുതേ...

(ഹസി മാത്യു, പൊൻകുന്നം)

പൊയ്‌പോയകാല സ്മരണക്കുകാതോർ-
ത്താവേശമോടക്ഷമരായി നിൽക്കും
മിത്രങ്ങളോടായുരചെയ്‌വു ദേഹം
ക്ഷീണിച്ചു പാരം തളരുന്ന വൃദ്ധൻ.


വാടിക്കൊഴിഞ്ഞീ ധരയിൽ ലയിക്കും
വീടിന്നലങ്കാര സുമങ്ങൾ പോലും.
പാടില്ലതിങ്കൽ പരിദേവനം ഹാ!
കാടും നടുക്കീട്ടലറീടുവാനും.


ആജാനുബാഹുക്കളരോഗ ഗാത്രർ
ഭൂജാതനാമേതു മഹാനുമോർക്കിൽ
ആർജ്ജിച്ചനേട്ടം മുഴുവൻ ജഗത്തിൽ
കൈവിട്ടു വേഗം മറയും നിഴൽപോൽ.


അജ്ഞാതമാം ലോകമണഞ്ഞു നിത്യം
മേവീടുമാത്മാവുയിർപോയ ശേഷം.
ദേഹം നശിച്ചാലുമമർത്യമായി
മേവുന്നിതാത്മാ പരലോകമൊന്നിൽ.


മർത്യർക്കു നല്കീ പരനീശ്വരത്വം
പൂകുന്നതിന്നായൊരു മോക്ഷ മാർഗ്ഗം.
മോഹാത്സ്യരാകാതതു തേടിയെന്നാൽ
കാണും ദൃഢം നിത്യത മാനുഷന്മാർ.


സത്യക്കൊടുങ്കാറ്റലറിക്കുതിച്ച-
ന്നാചാരബദ്ധങ്ങൾ തകർന്നടിഞ്ഞു.
വേദം തൊടുക്കും ശരമൊന്നിനാലാ
കൽബിംബമെല്ലാം നിപതിച്ചുടഞ്ഞു.


പാപങ്ങളേറ്റേറ്റു പറഞ്ഞു ഞാനെൻ
ശാപം തകർത്തേശുവടുത്തണഞ്ഞു.
പൊന്നേശുനാഥൻ നിജശോണിതത്താൽ
വൻശാപ ദോഷാദികളൊക്കെ നീക്കി. 


കൈവന്നൊരീന്യുതന ജീവിതത്തെ-
യുൽഘോഷണം ചെയ്തു നടന്നു ഞാനും.
സത്യം ഗ്രഹിക്കും നിമിഷത്തിലാർക്കും
കൈവന്നിടുന്നു പരമാത്മ മോദം.


ഹേ മർത്യ നിൻപാപഭരം ചുമന്നോ-
രീശന്‍റെ പാദാന്തികമെത്തി നീയും
ക്രൂശിൽ ചൊരിഞ്ഞാത്തിരുരക്ത മൊന്നാൽ
പ്രാപിക്ക പാപക്ഷമ, നിത്യജീവൻ.


വീടൊന്നൊരുക്കുന്നു മഹേശപുത്രൻ
ആടൽ പിരിഞ്ഞങ്ങു വസിച്ചിടും നാം.
കൂടും വെടിഞ്ഞീക്കുടിലും ത്യജിച്ചു
പോകുന്നു ഞാനാപ്പരലോക വീട്ടിൽ.


കേഴേണ്ടതില്ലൊട്ടു മെനിക്കുവേണ്ടി
പുത്തൻ ശരീരത്തെ വരിച്ചിടും ഞാൻ.
പാപത്തെയോർത്തോർത്തു കരഞ്ഞുവെന്നാൽ
പാലിച്ചിടും ദേവസുതൻ മഹേശൻ.


ക്രിസ്തേശുനാഥൻ തെളിയിച്ച ദീപം
ഹൃത്തിൽ തെളിഞ്ഞീടിലനന്ത ദീപ്തി
യെത്തും ഫലംപ്രാപ്യമതേവിധത്തി-
ലെത്താം നമുക്കീശപദം നിതാന്തം.


(വൃത്തം: ഇന്ദ്രവജ്ര)