www.Ponkunnam.org

പ്രധാനിയാര് ?

(ഹസി മാത്യു, പൊൻകുന്നം)

പ്രധാനിയാരു? സംശയം മഹേശ്വരന്‍റെ ശിഷ്യരിൽ
പ്രമാണിയാകുവാൻ കൊതിച്ചടുത്തുകൂടിയേവരും.
പ്രതീക്ഷ കൈവിടാതെ പന്തിരണ്ടുശിഷ്യരും മുഖാ-
മുഖം തിരിഞ്ഞുനിന്നു സംശയാകുലത്വമാർന്നു ഹാ!


തനിക്കുതുല്യനായിഹത്തിലില്ലൊരുത്തനെന്നതാം
മഹാനുഭാവമോടെണീറ്റു പീറ്ററോതിയീവിധം
“പെരുത്തമത്സ്യസഞ്ചയം നിറഞ്ഞനൗക കൈവെടി-
ഞ്ഞമേയസൂനുവിൻപദങ്ങൾ പിൻതുടർന്നു തുഷ്ടിയിൽ.


പയസ്സിലൂടെ ഞാൻ നിരാമയം നടന്നുപോയതും
മഹാത്ഭുതങ്ങളിൽ പ്രധാന കണ്ണിയായിരുന്നതും
മഹാശയങ്ങളീശനെന്നിൽ മാത്രമായ്പകർന്നതും
മറന്നുവോ? പ്രമാണിയെന്നു സമ്മതിക്കയേവരും”.


“സുഹൃജ്ജനങ്ങളേ മറന്നിടായ്‌വിനാത്മനായകൻ
വിശിഷ്ടവേലയിൽ വിളിച്ചു ചേർത്തിതെന്നെമുമ്പുതാൻ
മറന്നുവോ? കടുത്തപീഡനാഗ്നി തന്നിൽ സന്തതം
നടന്നുനാഥനൊത്തു തന്‍റെയുറ്റഭ്രിത്യനെന്നപോൽ”.


അസൂയയും അഹന്തയും പതഞ്ഞുപൊന്തി വന്നതാൽ
മൊഴിഞ്ഞുടൻ തലൈവെനെന്ന ഭാവമോടെയന്ത്രയോസ്‌.
“വിശുദ്ധനെന്നറിഞ്ഞതാൽ മഹാനിയോഗമൊക്കെയും
എനിക്കു നൽകി സാദരം മഹത്ത്വമാർന്ന വല്ലഭൻ.


തനിക്കുശേഷമായിമറ്റൊരുത്തനല്ല ഞാൻ മുദാ
ഭരിച്ചിടേണമെന്നു നിശ്ചയം നിനച്ചു കാൺകയാൽ”.
മനംനിറഞ്ഞുനിന്ന മോഹജാലകം തുറന്നു പൊയ്-
മുഖംതുറന്നു കാട്ടിടുന്നു കള്ളനായ യൂദയും.


പകച്ചിടാതെ പന്തിരണ്ടുപേരുതിർത്ത വാക്കുകൾ-
ക്കമേയനീശനേകുമുത്തരം ശ്രവിപ്പിനേവരും.
“പ്രമാണിയാകുവാൻ ശ്രമിച്ചിടുന്ന മർത്യരേവരും
പഠിക്ക ഭൃത്യനെന്നപോലെ മർത്യസേവ ചെയ്യുവാൻ”.
തുവർത്തെടുത്തുചുറ്റി നാകനാഥനുറ്റ ശിഷ്യരിൻ
പദങ്ങൾ ശുദ്ധമാക്കിയാത്തുവർത്തിനാൽ തുടച്ചിതേ;
"മദീയശിഷ്യരാകനിങ്ങളീവിധം പരസ്പരം
പദംതുടച്ചു ശുദ്ധിനൽകി" നെന്നുചൊല്ലിനാൻ പരൻ.


(വൃത്തം: പഞ്ചചാമരം)