ക്രിസ്താവതാരം
(ഹസി മാത്യു, പൊൻകുന്നം)
ലോകരോദനമുയർന്നു വന്നതാൽ താപമാർന്നു കരുണാമയൻ പരൻ തുംഗനാകപദമാകെ വിട്ടുതാൻ മന്നിതിൽ മനുജനായ്പിറക്കുവാൻ. തോയമെന്യെ വരളാൻതുടങ്ങിടു- ന്നൂഷരസ്ഥലമതിങ്കലീവിധം തോയമിങ്ങനെ ബഹിർഗമിപ്പതും ദേവദേവ കരുണാപ്രവാഹമാം. ബേത്ലഹേമിലൊരിടം പിറക്കുവാ- നേകിയില്ല മിശിഹയ്‌ക്കു മാനുഷർ. ശാപമേറ്റ മഹിയിൽ മഹാമഹ- സ്സേറിയോൻ ഹഹ! പിറന്നതത്ഭുതം! വാനമണ്ഡലമതാകവേ ചമ- ച്ചാദിനാഥനു പിറക്കുവാനിടം നൽകിയില്ല നരരെന്ന ചിന്തയാൽ കേണിടുന്നജഗണങ്ങൾ ചാരവേ. "വന്നുനീയവതരിക്കുകീസ്ഥലേ പുല്ലുമെത്ത ശയനത്തിനേകിടാം". എന്നുരച്ചിടുവതോ കിടാങ്ങളും തങ്ങളാൽ കഴിവതേകിടാൻ മുദാ. വന്നു ഭൂവിതിലഖണ്ഡനാം ഭവാൻ കന്നുകൂട്ടിലൊരു കുഞ്ഞുമാടുപോൽ! വിണ്ടുകീറിയ നിലത്തുനിന്നു ഹാ! മുന്തിരിച്ചെടി മുളച്ചുനില്പതോ? വട്ടമിട്ടു ചിറകും വിടർത്തി ഹാ! കൂട്ടമായമരദൂത സംഘവും സർവ്വലോകവിഭുവെ സ്തുതിച്ചു ഹാ! വാഴ്ത്തി ഗാനമൃദുനിർത്ധരത്തൊടേ.
(വൃത്തം: രഥോദ്ധത)