ഉയിർപ്പ്
(ഹസി മാത്യു, പൊൻകുന്നം)
നയിനെന്നൊരു യൂദ പട്ടണം ദരിശിച്ചേശുവെയാത്ത സ്വാഗതം; ശവമഞ്ചവുമേന്തിയിണ്ടലോ- ടെതിർവന്നാരഴലാർന്ന മാനവർ. വിധവയ്‌ക്കൊരു പുത്രമൃത്യുവാൽ വിധിയേകിയതിരറ്റ സങ്കടം; അഖിലം നൊടിയിൽ തകർത്തിടാൻ വരുമീമൃത്യു തടുത്തിടാവതോ? “സുതനൊറ്റയൊരുത്തനാണവൾ- ക്കിഹലോകത്തവലംബമേകിയോൻ; അവനും മരണം ഭവിച്ചിതാ- യിനിയിജ്ജീവിതമെത്രെ ദുർവഹം.” പറയുന്നു ജനങ്ങളീവിധം വിധിയേത്താൻ പഴിചൊൽവു സർവ്വരും. മൃതിപീഡിത ജീവിതത്തിനാ- രരുളും നൽതുണയീശനെന്നിയേ? കുഴിമാടമടുത്തു വന്നിവൾ കദനംപേറി ഒഴുക്കിബാഷ്പവും. എരിയുന്നിതു ശോക വഹ്നിയിൽ ദുരിതത്താലുഴലും കുടുംബിനി. "കരയേണ്ടിനിയും സഹോദരീ" ഉരചെയ്തീവിധമേശു നായകൻ. കരയും മരണത്തിലേവരും തരുമോ സ്‌നേഹിതരാശ്രയം ഭുവി? അലിയുന്നുടയോന്‍റെയുള്ളവും ചൊരിയുന്നു കരുണാർദ്ര വീക്ഷണം; മൃതിയിൻ വിഷമാർന്ന മുള്ളുകൾ തകരുന്നീശ കരം തൊടുന്നതാൽ! "എഴുനേൽക്കിനി നിദ്രവിട്ടു നീ" മൊഴിയുന്നൻപുനിറഞ്ഞ രക്ഷകൻ. മൃദുഭാഷിത ശക്തിയാൽ ജവം മൃതിവിട്ടേറ്റു യുവാവു തൽക്ഷണം.
(വൃത്തം: വിയോഗിനി)