www.Ponkunnam.org

അവതാരം

(ഹസി മാത്യു, പൊൻകുന്നം)

അടുത്തടുക്കുവാൻ കഴിഞ്ഞിടാത്ത ശോഭയാർന്നവൻ
വെടിഞ്ഞു വിൺസ്വരൂപവും അഭൗമ ദിവ്യകാന്തിയും.
സമസ്തവും ഭരിച്ചു ദൈവതുല്യനായിരുന്നവൻ
സമത്വബോധവും മറന്നു വന്നു ശാപഭൂമിയിൽ.


ചരാചാരത്തിലും വിശാലമായനാകമാകെയും
നിറഞ്ഞു നിന്നിരുന്നവൻ സനാതനത്വമാർന്നവൻ
മനുഷ്യദേഹമോടെ ഭൂവിൽ മർത്യനായ്പിറക്കുവാൻ
ദരിദ്രയായ നാരിതൻ വയറ്റിലങ്കുരിക്കയോ?


അദൃശ്യമായതും ശരിക്കു കണ്ടിടുന്ന സർവ്വതും
ചമച്ചു വാണിടും പുരാതനത്വമാർന്ന വല്ലഭൻ
മനുഷ്യനായി ബേത്ലഹേമിലെപ്പശുത്തൊഴുത്തതിൽ
പിറന്നുവീണിഹത്തിനേറ്റ ശാപമാകെ നീക്കുവാൻ.


പ്രധാനദൂദസംഘവും അനാരതം നമിച്ചിടും
പ്രശോഭയാർന്നൊരപ്പദങ്ങളാണിയാൽ തറപ്പു ഹാ!
പ്രജാപതിക്കു കൂർത്ത മുള്ളുകൾ കിരീടമാക്കിയ-
പ്രമേയമൻപതീശ്വരൻ പ്രസിദ്ധമാക്കിടുന്നുവോ?


പ്രതീക്ഷയോടെ കാത്തു പാർത്തിരുന്ന ചക്രവർത്തിതൻ
പ്രതാപമാർന്ന പൊൻമുഖത്തു തുപ്പലേറ്റിടുന്നതും;
പ്രതീക്ഷയറ്റ പാപികൾക്കു നിത്യമായ രക്ഷയും
പ്രസാദവും പ്രമോദമാർന്ന ജീവനുംപകർന്നിടാൻ.


മനുഷ്യനായ് ജഗത്തിലെത്ര നിഷ്കളങ്കനായവൻ
കഴിച്ചു തന്‍റെ ജീവകാലമോർത്തു കുമ്പിടുന്നു ഞാൻ.
നിലച്ചിടാത്ത ജീവിതം നമുക്കുലബ്ധമാക്കുവാൻ
പെരുത്തകുന്തമേറ്റു നെഞ്ചിലത്യുദാര മാനസൻ.


ഉരച്ചശബ്ദവീചിയിൻ വിചിത്ര വിസ്മയങ്ങളാൽ
വിശാല താരസഞ്ചയം ചമച്ചഖണ്ഡനാംസുതൻ.
മനുഷ്യവർഗ്ഗ കല്മഷം ശിരസ്സതിൽ വഹിച്ചു ഹാ!
മനസ്സൊടുറ്റ ശാപമേറ്റിടുന്നതെന്തൊരത്ഭുതം! 
പരത്തിലെ പ്രമോദമായിരുന്ന ദേവനന്ദനൻ
ധരിത്രിയിൽ മനുഷ്യനായ്പിറന്നു യാഗമാകുവാൻ
വിചിത്രമിച്ചരിത്രമോർത്തു വിസ്മയിച്ചിരുന്നിടും
ചരിത്രബോധമുള്ള മർത്യരേവരും സുനിശ്ചിതം.


ഇരുട്ടിലാണ്ട ശാപഭൂവിനുറ്റ ശോഭയേകുവാൻ
ചരിത്ര വീഥിയിൽ പ്രകാശപൂരമായ് വിളങ്ങിടും.
നിതാന്തവന്ദ്യനേശുവിന്‍റെ ദീപ്തികണ്ട മാനവർ
കൃതാർത്ഥരായിടും നിരാശയാകെയസ്തമിച്ചിടും.


(വൃത്തം: പഞ്ചചാമരം)