മഴവില്ല്
(ഹസി മാത്യു, പൊൻകുന്നം)
വർണ്ണമെഴാത്ത കതിരവ രശ്മികൾ നിർണ്ണയം കാണാവതല്ലതെല്ലും. മഞ്ഞുകണികയിലുമ്മവച്ചാലവ- മഞ്ജുളമോഹന മാരിവില്ലാം. വർണ്ണമിണചേർന്നമാരിവില്ലേ നിന്നെ വർണ്ണിച്ചിടാത്ത കവികളുണ്ടോ? പാപം പെരുകിയ നേരത്തു മർത്യരെ തോയത്തിലാഴ്ത്തിക്കളഞ്ഞ നേരം ദൈവം കനിവോടെ കല്പിച്ചുനൽകിയ വാഗ്ദത്തചിഹ്നമീ മാരിവില്ല്. സപ്തവർണ്ണങ്ങളാലീശന്‍റെയുൽക്കൃഷ്ട- ഹസ്തം ചമയ്‌ക്കും വിചിത്ര ചിത്രം! ഇല്ലിനി മാരിയാൽ മുക്കില്ല ഭൂതലം ചൊല്ലുന്നു വില്ലും വിലോപമെന്യേ. സർവ്വവും കാണുമാറാക്കും പ്രകാശവും ഗർവ്വമെഴാതെ മറഞ്ഞിരിപ്പോ? സർവ്വം ചമച്ചസർവ്വേശ്വരചാതുര്യ- മുർവ്വി താരങ്ങളിൽ കാണ്മു ഞങ്ങൾ. ദൈവീക സ്നേഹ കണങ്ങളീമർത്യരിൻ ജീവിതം ശോഭനമാക്കിടുന്നു. സർവ്വാധിപ! നിന്‍റെ സാമിപ്യ ബോധത്താൽ മർത്യരമർത്യരായ് തീർന്നിടുന്നു. സ്നേഹമാമീത്തറവാട്ടിൽ ജനിച്ചവ- രേകകുടുംബത്തിലംഗങ്ങളാം. ജാതി, മതം, വർണ്ണ ഭേദം മറന്നിടാം മോദമായ് വാഴാം ധരിത്രി തന്നിൽ.
(വൃത്തം: മഞ്ജരി)