www.Ponkunnam.org

മരണം

(ഹസി മാത്യു, പൊൻകുന്നം)

മണ്ണിന്‍റെ മക്കൾക്കു വഹിപ്പതല്ലീ-
വിണ്ണിന്‍റെ ശാപം മരണാദിദോഷം.
പൊട്ടിച്ചിരിച്ചും വിരിയുന്ന പുഷ്പം
ഞെട്ടറ്റു വീണീ ധരയിൽ ലയിപ്പൂ!


അമ്പേറ്റു വീഴും വിഹഗം കണക്കെ
കൊമ്പറ്റു വീഴുന്നു മഹാഗജങ്ങൾ.
എന്തേ മരിക്കുന്നു ജനം ജഗത്തിൽ?
ചിന്തിപ്പവർക്കോ പെരുകുന്നു ശോകം.


മർത്യൻ മരിക്കുന്നു മതം വിമൂകം;
ശാസ്ത്രം ശവം കണ്ടു വിരണ്ടു നില്പൂ.
നീരാവിപോലീ ഗഗനേ പറക്കും
മാലോകരിൻ ജീവിതമെത്ര കഷ്ടം!


ബൈബിൾ കഥിക്കുന്നു മനുഷ്യപാപം
ശാപം വിതച്ചീ മരണം ജഗത്തിൽ.
മോഹം പെരുത്തിട്ടു വരുന്ന പാപം
പാരിൽ പടർന്നങ്ങു നിറഞ്ഞു നില്പൂ.


പാപം ധരിത്രേ കലയാക്കിമാറ്റി
ദൈവസ്വഭാവം വെടിയുന്നു മർത്യൻ.
ആത്മാവുമില്ലെന്നുരചെയ്തുറപ്പി-
ച്ചയ്യോ! പശുക്കൾക്കു സമം ചരിപ്പൂ!


ചമ്രം പടിഞ്ഞങ്ങു തപോവനത്തിൽ
ചെയ്യും തപസ്സും വിഫലം; ധരിക്ക!
കർമ്മം മുഷിഞ്ഞംബരതുല്യമത്രേ
നിർമ്മായനീശന്‍റെ തെളിഞ്ഞ കണ്ണിൽ.


ഇല്ലില്ല പാപത്തിനതീതനായി-
ട്ടാരും, ജഗത്തിൽ പരിശുദ്ധനായും.
പാരിന്‍റെ പുത്രർക്കുപരം കൊടുപ്പാൻ
വാനം വെടിഞ്ഞീശനിഹത്തിൽ വന്നു. 
ഭൂമിക്കുമേലാക്കുരിശിന്‍റെ കൊമ്പിൽ
ഭൂവാസികൾക്കായ് മരണംവരിച്ചു.
പാപം വെടിഞ്ഞീശ സകാശമെത്തും
ലോകർക്കു നൽകും പരനാത്മശാന്തി.


(വൃത്തം: ഇന്ദ്രവജ്ര)