ഒരുനോക്കു കാണാൻ
(ഹസി മാത്യു, പൊൻകുന്നം)
ഒരു നോക്കു കാണുവാനായ് കൊതിയോടു കാത്തിടുന്നു. വരുമെന്നു ചോന്ന നാഥാ! വിരവിൽ വരൂ! ഉയരെപ്പറന്നകലും നീരാവിപോലെ മാത്രം ഉയിരീക്ഷിതിയിലെന്നും ക്ഷണഭംഗുരം. ഉരുകിയൊലിച്ചുപോം നീഹാരമെന്നപോൽ മറയുന്നു മർത്യസ്മൃതികൾ മഴവില്ലുപോൽ. ഉയരെ പറന്നു പോകെ വ്യഥയോടു നോക്കി നിൽക്കും സുതരോടു ദൂതരോതി- ടുന്ന വാക്കുകൾ... ഉയരത്തിലേക്കു തൻ പോയതുപോലെ ഹാ! വരുമവൻ ദുഃഖിക്ക വേണ്ട നിങ്ങൾ. ശത വത്സരങ്ങളായ് ക്ഷമയോടെ ശിഷ്യർ ഞങ്ങൾ വിരവിൽ തന്നാഗമം കാത്തിരിപ്പൂ. ഇനി വൈകിടൊല്ലേ നീ അരികത്തണഞ്ഞെങ്ങൾ ദുരിത മകറ്റുവാൻ യേശു നാഥാ?