www.Ponkunnam.org

മനുഷ്യൻ

(ഹസി മാത്യു, പൊൻകുന്നം)

ദൈവം ചമച്ചോരുലകത്തിൽ മർത്യൻ
മണ്ണിൽ മെനഞ്ഞുള്ള മഹത്സ്വരൂപം
ജീവാത്മനിശ്വാസമതിങ്കലൂതീ,
ജീവൻ തുടിച്ചാദ്യ മനുഷ്യനായി.


ഭാഷാവിശേഷാദി ഗുണങ്ങളെല്ലാം
സർവ്വേശദാനം മനുജന്നു മാത്രം.
ആകാശഗംഗയ്ക്കതിരും കടക്കും
ഭാവാത്മശക്തിക്കുടയോൻ മനുഷ്യൻ.


ആത്മാവു മർത്യന്നുപകാരമായി-
നൽകുന്നു ദേവൻ ബഹുമോദമോടേ;
വാളിന്നു ഭേദിച്ചു തകർത്തിടാനു-
മാവില്ലിതഗ്നിക്കു ദഹിപ്പിപ്പതിന്നും.


ഉത്തുംഗനാം മാനുഷനീവിധത്തിൽ
ഒത്തിങ്ങു വന്നോ പരിണാമമൊന്നാൽ?
ആത്മാവു മർത്യന്നവിഭാജ്യസത്ത,
ആത്മാവതിൻ വാസഗൃഹം ശരീരം.


സർവ്വം ചമച്ചസ്സകലേശപാദം
കുമ്പിട്ടു കൂപ്പീട്ടടിയൻ തൊഴുന്നേൻ.
ദേവേശ ഹൃത്തിൽക്കലരും രഹസ്യ-
മാർക്കണ്ടു ഹാ! മാനുഷ ജന്മലക്ഷ്യം?


ഗോളങ്ങളെല്ലാം ഭ്രമണം നടത്തും
പാളങ്ങളോരോന്നു ചമച്ചതാരോ?
തോളോടു തോൾ ചേർന്നുരചെയ്യണം നാം
ആർ ചെയ്തതീത്താര സമൂഹമെല്ലാം.


കാര്യം വരും കാരണമൊന്നുകൊണ്ടെ-
ന്നമ്പേ മറക്കുന്നിതു മാനുഷന്മാർ.
വിശ്വം വിശാലം വെളിവാക്കിടുന്നു
വിശ്വേശ ഹൃത്തിൻ പരമാർത്ഥ ലക്ഷ്യം.


(വൃത്തം: ഇന്ദ്രവജ്ര)