നിലക്കാത്ത സ്നേഹം
(ഹസി മാത്യു, പൊൻകുന്നം)
നിലക്കാത്ത സ്നേഹം നിറഭേദങ്ങളില്ലാത്ത സ്നേഹം ക്രിസ്തുവിൻ സ്നേഹം മാത്രം! കുരിശിൽപ്പിടയുന്ന നേരത്തിലും രുധിരം ഒഴുകുന്ന വേളയിലും നിലക്കാതൊഴുകുന്ന സ്നേഹം. എല്ലാം പൊറുക്കുന്ന സ്നേഹം. വഴിതെറ്റി നിലവിട്ടു പോയ ശിഷ്യർ- ക്കരികിലണയുന്ന ദിവ്യ സ്നേഹം. ഭയമേതുമുണ്ടാക വേണ്ടന്നു ചൊല്ലുന്ന കരുതലിൻ നിറവാർന്ന സ്നേഹം. തോരാതെ പെയ്യും നിൻ സ്നേഹമെന്നുള്ളിലെ തീരാത്ത ദുഃഖങ്ങൾ നീക്കും. പാപാന്ധകാരം മറയും മനസ്സതിൽ ശാന്തി തൻ ദീപം തെളിക്കും. കരയുന്ന മാനുജരെ കണ്ടു നാഥൻ അന്നു കരളലിഞ്ഞുതിർത്ത കണ്ണീർക്കണങ്ങൾ മരുവിലെ ചുടുമണ്ണിൽ വീണുതണ്ണീ- രുറവയായ് ചുറ്റിലും നിർഗ്ഗളിച്ചു. ഗതിയറ്റു കേഴുന്ന മർത്യർക്കു സുകൃതമായ് അമൃതായി നിത്യമാം ജീവനായി.