തിരുവാഗമം കാത്ത്
(ഹസി മാത്യു, പൊൻകുന്നം)
നീലാംബരം നോക്കി കാത്തിരിക്കുന്നു ഞാൻ നാഥാ നിന്നാഗമവേള നോക്കി. നിൻ നാവിൻ മാധുര്യ ശബ്ദം ശ്രവിക്കുവാൻ നിൻ മുഖം കാണാൻ കൊതിക്കുന്നു ഞാൻ. നിമിഷങ്ങൾ നീക്കി ഞാൻ കാത്തിരിക്കുന്നിതാ വരുമെപ്പോൾ കാന്ത! നീ എന്നെ ചേർപ്പാൻ. നിൻ കൂടെപ്പോകാനുമാനന്ദമടയാനും നിൻ മാർവിൽച്ചാരാനും ചുംബിപ്പാനും. ഉയരത്തിൽ നോക്കി ഞാൻ കാത്തിരിക്കുന്നിതാ വരുമോ നീ വേഗമായെന്നെച്ചേർപ്പാൻ? കനിവിൻ വാരാശി നീ സ്നേഹത്തിന്നുർമ്മിനീ നിനവിൽ കിനാവിലുമെന്‍റെ മോദം. ഇരുളാണീ ലോകം നീയരികത്തിലില്ലെന്നാൽ നിന്മുഖമെന്‍റെ നിത്യമാം സൂര്യനല്ലോ. അരികിൽ നീയെത്തിയെൻ ദുരിതമകറ്റിയെൻ ഹൃദയത്തെ നാക സാദൃശ്യമാക്കൂ.