നവഗാനം
(ഹസി മാത്യു, പൊൻകുന്നം)
ഇല്ലായ്മയിൽ നിന്നുമെല്ലാം പടച്ചവൻ സോല്ലാസമെല്ലാം പരിപാലിക്കുന്നവൻ സർവ്വേശ സൂനുവാമേശു നാഥൻ. പാടട്ടെ ഞാൻ തവ സ്തോത്ര ഗാനം എൻ നാവിൽ നീ തന്ന പുതിയ ഗാനം. പാപം ചെയ്‌തീശന്‍റെ സവിധം വെടിഞ്ഞു ഞാ - നേകനായ് ധരണിയിലലയുമ്പോൾ മതവും മനുഷ്യരും ഒരുപോലെ കൈവിട്ടു ഗതിയെന്യേ വാവിട്ടു കേണിടുമ്പോൾ പാപക്കുഴിയിൽ ഞാൻ താണു താണു പാതാള വാതിലിലണയുമ്പോൾ... കൈക്കുപിടിച്ചെന്നെ മാറോടണച്ചു നീ സത്യമാം പാതയിൽ താങ്ങി നിർത്തി. സത്യമെന്തെന്നറിയാതെ മായയിൻ പിന്നാലെ പോയീടവെ ശാപവും മരണവും നിഴൽ പോലെ പിന്തുടർ- ന്നുരുകി നിരാശയിലുഴലുമ്പോൾ... ഇരുളിന്‍റെ താഴ്വരയതിലൂടെ നിത്യമാം നരകാഗ്നി ലക്ഷ്യമായ്പ്പോയിടുമ്പോൾ... സ്വസ്ഥമാം ജലനദി കാട്ടി എനിക്കീശൻ സ്വർഗ്ഗീയ ശാന്തിയിൽ ഞാൻ മുഴുകി.