പരലോക പ്രയാണം
(ഹസി മാത്യു, പൊൻകുന്നം)
അന്യർനാമീലോകം തന്നിൽ സ്വർഗ്ഗ- ഗേഹത്തെ നോക്കി നാം യാത്രചെയ്‌വൂ; ആ നവ്യലോകത്തിൻ ശോഭകാണ്മൂ നാംദിനംതോറുമുൾക്കണ്ണുകളാൽ. വാഗ്വാദശൂലങ്ങൾ കൈയിലേന്തി വാഗ്ദത്ത മേലാപ്പെടുത്തു വീശി, പോകുന്നു പാത വിശാലമാക്കി പാവന തീരത്തിലേക്കു ശീഘ്രം. അന്യോന്യമെയ്യും ശരങ്ങൾ തട്ടി പൊട്ടിയ ഹൃത്തിൻ കറുത്തചോര വയലുകൾ ചോരക്കളങ്ങളാക്കി; വരമ്പുകൾ ചെമ്മണ്ണു പാതയാക്കി. ഇന്നു നാം കാണും വയൽപ്രദേശം നമ്മുടേതായിട്ടു തീർന്നിടേണം നമ്മുടെ സോദരച്ചോരയല്ലേ-, യീക്കളമെല്ലാം നിറഞ്ഞു നിൽപ്പൂ. ശവമഞ്ചമായ് ഭക്തിഗാനമായി സമയ രഥങ്ങളുരുണ്ടു വീണ്ടും. കൈച്ചിലമ്പിൽ കൊയ്തു താളമോടെ സ്വന്തദേശം തേടും സ്വർഗ്ഗയാത്ര.
(വൃത്തം: മാവേലി)