നെഞ്ചോടു ചാരി
(ഹസി മാത്യു, പൊൻകുന്നം)
യേശുവേയങ്ങേ നെഞ്ചോടു ചാരി ഞാനീവിഷാദം കലർന്ന രാവിൽ നിൻഹൃദയത്തിന്‍റെ സ്പന്ദനങ്ങൾ എന്നിൽ വിടർന്നു വസന്തമായി. എന്നിൽ വിടർന്നതാം പൊൻവസന്തം മിന്നി വിലസിടും വേളയിങ്കൽ കല്ലോല മാലിപോലെന്നിലിന്നും ആഞ്ഞടിച്ചാനന്ദബാഷ്പമാകും. നിത്യതയിൻ നിത്യസത്യമായി നിത്യഹരിതക വൃക്ഷമായി, വാടാതെ നിൽക്കുന്ന മുല്ലമൊട്ടായ് ആനന്ദ വർഷമായ് തേൻകരിമ്പായ് നിൽപ്പൂ നിതാന്തമീ സ്നേഹദീപം എന്നന്തരാത്മാവിലേ വിളക്കായ്. എൻഹൃദയത്തിന്‍റെ നൊമ്പരങ്ങൾ നിന്നന്തരാത്മാവിൽ ചേർന്നലിഞ്ഞു എൻ ജീവിതത്തിന്‍റെ താളമായി ഇന്നും മുഴങ്ങുന്നു ഗാനമായി. നിന്നകതാരിൽനിന്നും നിതാന്തം എന്നിൽ പ്രവേശിക്കുമാത്മസ്നേഹം എൻപാപ ശാപങ്ങളാകെ നീക്കി, നീരാടി ഞാൻ സ്വർഗ്ഗ സാന്ത്വനത്തിൽ. നിൻമാർവ്വിൽ ചാരിഞാൻ നിന്നിടുമ്പോ- ളെൻ ദുഃഖമെല്ലാം മറക്കുന്നു ഞാൻ. നിൻസ്നേഹവായ്പിൻ സ്മരണയിന്നും നെയ്ത്തിരിയായുള്ളിൽ കത്തിനിൽപ്പൂ. നീയെന്‍റെ ജീവന്‍റെ ജീവനെന്നും ജീവിത സത്യമെൻ, ശക്തിയെന്നും. ജീവിത സത്തയും സാഫല്യവും നിന്നിലാണെന്നെന്നും ജീവനാഥാ!
(വൃത്തം: മാവേലി)