വാളോങ്ങുക
(ഹസി മാത്യു, പൊൻകുന്നം)
തന്നസ്ഥിയൊന്നാലീശൻ നിർമ്മിച്ചനാരീരത്നം തന്നുടെ സഖിയായി ധർമ്മപത്നിയുമായി. ഏദനിൽ തുടങ്ങിയാഹൃദ്‌ബന്ധമോർത്താലിന്നു ദ്രവ്യമോഹമായ് കാശിൻ വിലപേശലായ് മാറീ. മോചനം വിവാഹമേ മോചനം നിനക്കിന്നു രോദനമുയരുന്നു വേദന പടരുന്നു. അന്യരാരെയോ പ്രേമച്ചുഴിയിലാക്കിച്ചിലർ ധർമ്മപത്നിയെപ്പിരിഞ്ഞുഴന്നു തിരിയുന്നു. ഉരിയും തുണിപോലെ പിരിയും തുണയിതാ ഉരുകും മനസ്സുമായ് കതറിക്കരയുന്നു. ഒന്നായ ദേഹം വീണ്ടും രണ്ടായിപ്പിളർക്കുവാൻ അന്യായ നിയമത്തിൻ ഖഡ്ഗമുണ്ടവർ കൈയിൽ. പതിതർ പൊഴിക്കുമീ കണ്ണുനീർ പകരുവാൻ നിയമത്തളികകൾ നിരയായ് നിരക്കയോ? ഏകനായിരിപ്പതുനന്നല്ല മനുഷ്യനെ- ന്നേകനാംദൈവം നിനച്ചേകിയമാഗല്യത്തിൻ നിശ്വസ്‌തനിയമങ്ങൾ വായുവിൽപ്പറത്തിക്കൊ- ണ്ടസ്വസ്ഥമാക്കീടുന്നോ കുടുംബബന്ധങ്ങളെ? ഉടയും കുടുംബത്തിൻ ചിതറും കുപ്പിച്ചില്ലാ- ലെഴുതുന്നൊരുശോക ഗാനത്തിനീണം നൽകും പാശ്ചാത്യ സംസ്കാരത്തിൻ വേരുകളറുത്താരീ പൈശാചികത്വത്തിനിന്നറുതി വരുത്തീടും. പാവന വചനവും ജീവിത വിശുദ്ധിയും കാക്കുകെന്നമർച്ചയായ് പറയാനാരുണ്ടിന്നു? മാനസാന്തരത്തിന്‍റെ മാറ്റൊലി മുഴക്കുവാൻ സ്നാപകയോഹന്നാനേ നീയുയർക്കുക വേഗം. സോദരഭാര്യാവേഴ്ച മ്ലേച്ഛമെന്നരചനോ- ടോതുവാൻ യോഹന്നാനേ നീയല്ലാതാരീ മന്നിൽ? അക്ഷയ ദൈവത്തിന്‍റെ പാതയെ തെളിക്കുവാൻ പക്ഷഭേദങ്ങൾ കൂടാതോതിയ സത്യത്തിന്നു തൽക്ഷണം വിലയായിത്തൻ ശിരസ്സർപ്പിക്കുവാൻ സ്നാപകയോഹന്നാനേ നീയല്ലാതാരീ മന്നിൽ? ഉടലറ്റു നിൻതല ചോരയിൽ പിടഞ്ഞപ്പോ- ളുടഞ്ഞു മുഴുലോകമനസ്സാക്ഷിയും കൂടെ ഉയിരറ്റു നിൻഗാത്രമുഴറി വീണപ്പോഴും ഉടഞ്ഞുതകർന്നതോ സത്യത്തിൻ മഹാസൗധം! സ്നാപക യോഹന്നാനേ നീയുയിർക്കുക വേഗം വ്യാപകമായ തിന്മക്കെതിരേ വാളോങ്ങുവാൻ!
(വൃത്തം: കേക)