www.Ponkunnam.org

അന്നും ഇന്നും

(ഹസി മാത്യു, പൊൻകുന്നം)

വിണ്ടലവാസം മാത്രം മോഹിച്ചു പിതാമഹർ
പിണ്ടമെന്നെണ്ണി ലോക സുഖവൃത്തികൾ മുറ്റും.
ഇണ്ടലില്ലാതന്നവർ പണ്ടഭാണ്ഡങ്ങൾ വിട്ടു
വിണ്ടലനാഥാജ്ഞകൾ പിൻതുടർന്നിരുന്നെങ്കിൽ;
മണ്ണിലെമോഹംപെരുത്തിന്നുരത്നങ്ങൾ തേടി
മൺതുരന്നീമേദിനിക്കപ്പുറത്തെത്തും ഭക്തർ.
പോയ്മുഖംകാട്ടിപ്പല ചടങ്ങുകേൾപ്പിച്ചിതാ
കൈളിൽത്തങ്കത്തുട്ടും പേറിയിങ്ങെത്തുന്നു ഹാ!
സ്ഥാനമോഹവും ദ്രവ്യതൃഷ്ണയും വളർന്നവർ-
ക്കാദായസൂത്രംമാത്രമായിതീശ്വരഭക്തി.


മിന്നുന്നവസ്ത്രം വേണ്ട, മന്നിലെ പൊന്നും വേണ്ട
അന്നന്നു വേണ്ടുന്നന്ന മൊന്നുമാത്രമേ വേണ്ടൂ;
അന്നു ശുദ്ധരിൻകൂട്ടം ചൊന്നതിങ്ങനെയെങ്കി-
ലിന്നിതാ ഭൂസ്വർഗ്ഗങ്ങൾ തീറേകിടാനായ് മോഹം.


ശ്രേഷ്ടനാം ദൈവാത്മജനരയിൽ തോർത്തും ചുറ്റി
പ്രേക്ഷാളനം ചെയ്തന്നു ശിഷ്യപാദങ്ങൾ മുറ്റും.
ഇന്നിതാ പ്രതാപത്തിൻ പട്ടുവസ്ത്രവും ധരി-
ച്ചുന്നതാസനങ്ങളിൽ വാഴുന്നു തൻശിഷ്യൻമാർ.
കാമക്രോധങ്ങൾ ലോകമോഹങ്ങളെല്ലാം വളർ-
ന്നാമഗ്നമാകുന്നന്ധകാരത്തിൽ സത്യമാർഗ്ഗം.


ആവലാതിപൂണ്ടന്നു വിത്തംസ്വരൂപിക്കാതെ-
യാവലോടീശാഗമം കാത്തുപാർത്തിരുന്നെങ്കിൽ;
സ്ഥാനമാനാദിസ്വാർത്ഥ മോഹങ്ങൾ പെരുത്തവർ
ദൂനരായന്തർദൃഷ്ടി കൈവിട്ടു കേണീടുന്നു.


(വൃത്തം: കേക)