യാഗാർച്ചന
(ഹസി മാത്യു, പൊൻകുന്നം)
ജേർശലേം തേരുവീഥിയിലൂടെ വൻ- ഭാരമേറിയ ക്രൂശും വഹിച്ചഹോ! ഈശസൂനുവാമേശു ചരിക്കവേ- യാശുസ്തബ്ദമായ് തീർന്നു ചരാചരം! രണ്ടിനോളം സഹസ്രങ്ങൾക്കപ്പുറം ബെത്ലഹേമിലെ പുൽക്കൂടു തന്നിലായ് മാമഹത്ത്വം വെടിഞ്ഞു സ്വയംവിഭൂ ഹീനമർത്യനായ് ഭൂജാതനായിതേ! മാമരങ്ങൾ മുറിച്ചു മരപ്പണി കേമമായ്ചെയ്തഹോവൃത്തി സദ്രസം നേടിയന്നവൻ; പാപികൾക്കാശ്രയ- സ്ഥാനമായ് രക്ഷാമാർഗ്ഗമായ്ത്തീർന്നവൻ. കണ്ണുകാണാത്തവർക്കു നൽകാഴ്ചയും കാതുകേൾക്കാത്തവർക്ക് ഹാ! കേൾവിയും അഷ്ടിയില്ലാത്തവർക്കു മൃഷ്ടാന്നവും തുഷ്ടിയില്ലാത്തവർക്കു സന്തുഷ്ടിയും ഏകിയോരീശപുത്രന്നു പാരിടം ഏകിടുന്നതോ ക്രൂശാണു നിർദയം! പാരമേശു തളർന്നു വീണീടവെ ക്രൂരരാകും യഹൂദപ്പരിഷകൾ വാറുകൊണ്ടുപ്രഹരിച്ചു നിർദ്ദയം ദേഹമാവിദ്ധമാക്കി ചമച്ചിതേ! പെയ്തുതീരാൻ കൊതിക്കുന്ന കാർമുകിൽ ത്തുണ്ടുപോലീശ രക്തമീയൂഴിയിൽ പാപശാപമകറ്റുവാനായ് കനാൽ ചാലുപോലെയൊഴുകുന്നനർഗ്ഗളം. ചുണ്ടുവറ്റിയുണങ്ങിയൊരോടു പോൽ കെഞ്ചിടുന്നിറ്റു തണ്ണീരിനായ് പരൻ. ഏകി കാരസ്കരത്തെ വെല്ലുന്നൊരാ- കയ്പുകാടി മഹേശന്നു മാനവർ. വാക്കിനാൽ സാഗരാദികൾ നിർമ്മിച്ച നാകനാഥൻ തണ്ണീരിനായ് കേഴ്കയോ? സപ്തസാഗരം ലജ്ജയാൽ സ്തബ്ധമായ് കാർമുകിൽ കാനനത്തിലൊളിച്ചു പോയ്! പുള്ളിമാൻ കുട്ടിയെപ്പോലരുവികൾ തുള്ളിയെത്താതിരിക്കുമോ ചൊല്ലുകിൽ? ആജ്ഞനല്കിൽ ചൊരികയില്ലേ പര- ന്നംബുദം ക്ഷീരമാരിയരക്ഷണാൽ? പാപമെന്തെന്നറിയാത്ത പുത്രനിൽ പാപമാകെ ചുമത്തിയ ദൈവമേ! പാപമേറ്റു പറഞ്ഞൊഴിഞ്ഞീടുകിൽ ശാപമാകെയകറ്റുന്ന സ്നേഹമേ! നന്ദിയോടു പൊഴിക്കുമെൻ കണ്ണുനീർ വന്ദ്യസ്നേഹസ്മൃതികളിൽ ചാലിച്ചു ഹന്ത! ഞാനർപ്പിച്ചിടട്ടെ ഭവൽപ്പദേ സന്തതം ദേവനന്ദന! വന്ദനം!
(വൃത്തം: ദ്രുതകാകളി)