ഉൽപ്പത്തി
(ഹസി മാത്യു, പൊൻകുന്നം)
ധാതാവിരിപ്പൂ ഗഗനത്തിലെങ്ങോ? തേടിപ്പുറപ്പെട്ടു മഹാശയന്മാർ വീറോടെ വീക്ഷിപ്പു നഭസ്സിലെല്ലാം കാണാതെയായീശ്വരനില്ല തിട്ടം! ആശാരി മേശയ്ക്കകമുണ്ടു, സത്യം തച്ചന്‍റെ വാസം പണിതീർത്ത മച്ചിൽ. ശില്പിക്കു വാസം ശിലതന്നിലല്ലോ കല്പിച്ചിടും താത്ത്വിക രാക്ഷസന്മാർ! ബ്രഹ്മാണ്ഡഹർമ്മ്യത്തിലൊഴിഞ്ഞ കോണിൽ ബ്രഹ്മാവിനെയും തിരയുന്നതെന്തേ? ആകാരമൊത്തുള്ളൊരു നല്ലസൗധം താനേഭവിച്ചെന്നുരചെയ്തിടാമോ? "പൊട്ടിത്തെറിച്ചങ്ങു ജനിച്ചമീബ മട്ടൊന്നുമാറീട്ടു വരുന്നു ഹൈഡ്ര ചിട്ടയ്ക്കു മാറ്റങ്ങളുരുത്തിരിഞ്ഞി- ട്ടുണ്ടായി സങ്കീര്‍ണ്ണ മനുഷ്യജന്മം." ഡാർവിന്‍റെ തത്ത്വം പറയുന്നു മർത്യൻ വാലും ക്ഷയിച്ചുള്ളൊരു വാനരൻ താൻ! വാലും ക്ഷയിച്ചുള്ളൊരു വാനരൻപോ- ലുണ്ടായതോ മണ്ണിലെ മർത്യമക്കൾ?
(വൃത്തം: ഇന്ദ്രവജ്ര)